തിരുവനന്തപുരം: യു.ഡി.എഫ് സംഘടനാ സംവിധാനം സംസ്ഥാന തലം മുതല്‍ പഞ്ചായത്ത് തലം വരെ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സമ്മേനം കഴിഞ്ഞ് നവംബര്‍ 15 മുതല്‍ 22 വരെ ജില്ലാ തലത്തില്‍ യു.ഡി.എഫ് നേതൃസമ്മേളനങ്ങള്‍ നടത്തും. സമ്മേളനങ്ങളില്‍ ഘടകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. നവംബര്‍ 10-നു മുമ്പായി പഞ്ചായത്ത് തലത്തിലും മണ്ഡലം തലത്തിലും കമ്മറ്റികള്‍ രൂപീകരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ 30 വരെ പഞ്ചായത്ത് തലത്തില്‍ സമ്മേളനങ്ങള്‍ നടത്തും. അടുത്ത ജനുവരിയില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ വിപുലമായി നടത്തുമെന്നും എം.എം ഹസന്‍ പറഞ്ഞു. ഘടക കക്ഷി വ്യത്യാസമില്ലതെ ഒറ്റ മനസോടെ എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകും. നിയോജക മണ്ഡലങ്ങളില്‍ കണ്‍വന്‍ഷന്‍ നടത്തി പരാജയങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കും. പഞ്ചായത്ത് തലങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചതായി ഹസന്‍ അറിയിച്ചു. യു.ഡി.എഫ് എടുക്കുന്ന തീരുമാനം ഒറ്റക്കെട്ടായി നടപ്പിലാക്കും. തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെയോ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയോ മോശമായി ചിത്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകക്ഷി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ യു.ഡി.എഫ് നേതാക്കളെ അറിയച്ചതായി എം ഹസന്‍ പറഞ്ഞു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കണ്‍വീനര്‍ എം.എം ഹസന്‍, സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, എം.കെ മുനീര്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.