Friday, October 4, 2024
HomeNewsKeralaസ്വപ്നയുടെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, ഇന്ന് കരിദിനം ആചരിക്കും

സ്വപ്നയുടെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് യുവമോർച്ച പ്രവർത്തകർ ബിരിയാണി ചെമ്പുമായി സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണം ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ആരോപണത്തില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ. ദീര്‍ഘകാലമായി പൊതുരംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണമാണ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താനാണ് എത്തിച്ചതെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടററി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ബാഗ് കൊണ്ടുപോകാന്‍ മറന്നത്. ബാഗ് ദുബായിലെത്തിക്കാന്‍ എം.ശിവശങ്കര്‍ വിളിച്ചുപറയുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴിയാണ് ബാഗ് എത്തിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments