സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് യുഡിഎഫ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ മാര്‍ച്ച് നാല് മുതല്‍ യുഡി എഫ് എല്‍എല്‍എമ്മാരുടെയും എംപിമ്മാരുടെയും പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു.സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
ഇതിനിടെ കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് സംവിധാനം ശക്തമാക്കിയില്ലെങ്കില്‍ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കൊലക്കളമായി മാറുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊലീസ് സംവിധാനം പരാജയപ്പെട്ടതിനാലാണ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ പടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് ക്യാംപസുകളെ ലഹരി കൈയ്യടക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. അക്രമങ്ങളെ നിയന്ത്രിക്കാനുളള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. കുത്തഴിഞ്ഞ പൊലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്നും സുധാകരന്‍ ആഞ്ഞടിച്ചു.
ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാകുമ്പോഴും സര്‍ക്കാരിന്റെ ഒരു സംവിധാനവും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. രക്ഷിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ പൊലീസ് നയം കൊണ്ട് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ പടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.