സെക്രട്ടറിയേറ്റിലെ തീപിടുത്തം : യു ഡി എഫ് നാളെ കരിദിനം ആചരിക്കും

0
69

സെക്രട്ടേറിയറ്റിലെ തീപിടിത്തം; യു‍.ഡി.എഫ് നാളെ കരിദിനം ആചരിക്കും

ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തില്‍ പിന്നെ എങ്ങനെ തീപിടുത്തമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് യു‍.ഡി.എഫ് നാളെ കരിദിനം ആചരിക്കും. സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യു.ഡി.എഫിനു സ്വീകാര്യമല്ല. സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ. തീപിടുത്തത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻ.ഐ.എ അന്വേഷണം നടത്തണം. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്.

ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തില്‍ പിന്നെ എങ്ങനെ തീപിടുത്തമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 30 മുതല്‍ 40 മീറ്റര്‍ വരെ തീപിടുത്തമുണ്ടായിട്ടുണ്ട്. പ്രധാനമായ മൂന്ന് ഫയലുകള്‍ കത്തി നശിച്ചു. വിഐപികളെ ഡെസിഗ്നേറ്റ് ചെയ്യുന്നതിന്റെയും വിദേശ യാത്രകളുടെയും ഫയലുകള്‍ ഉള്‍പ്പെടെയാണ് കത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയിൽ ഫാൻ കറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നിൽ അട്ടിമറിയുണ്ട്. ഫയലുകളുടെ കോപ്പികൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അട്ടിമറിയുടെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply