Pravasimalayaly

നാടകത്തിന് ക്ലൈമാക്‌സ്; മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

സുപ്രീം കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. ബുധനാഴ്ച രാത്രി സമൂഹമാധ്യമത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലജിസ്‌ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.”എന്നെ പിന്തുണച്ച എൻസിപി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. അപ്രതീക്ഷിതമായ രീതിയാണ് ഞാൻ അധികാരത്തിലെത്തിയത്. എന്നാൽ പുറത്തേക്കു പോകുന്നതു പതിവു രീതിയിലാണ്. ഞാൻ എങ്ങോട്ടും പോകില്ല, ഞാൻ ഇവിടെയുണ്ടാകും. ഒരിക്കൽ കൂടി ശിവസേനാ ഭവനിൽ ഇരിക്കും. എന്റെ ആളുകളോടൊപ്പം ഒത്തുചേരും. അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാം. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദേശിച്ച പേരുകളാണിത്”- ഉദ്ധവ് താക്കറെ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ ഉദ്ദവ് താക്കറെ സർക്കാരന് കഴിയില്ലായിരുന്നു. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബി ജെ പി ആവട്ടെ വിമതർ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്

Exit mobile version