Pravasimalayaly

മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് കീഴടക്കി ചെൽസിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം

ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് കീഴടക്കി ചെൽസിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം

വിജയ ഗോളടിച്ചത് 42-ാം മിനിട്ടിൽ കായ് ഹാവെർട്ട്സ് , ചെൽസിയുടെ രണ്ടാം ചാമ്പ്യൻപട്ടം

പോർട്ടോ : കന്നിക്കിരീടം കൊതിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് മുന്നിൽ വിരിഞ്ഞത് ചെൽസിയുടെ ചിരി. കഴിഞ്ഞ രാത്രി ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഇടിവെട്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി ചെൽസി നേടിയത് തങ്ങളുടെ രണ്ടാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന കലാശക്കളിയുടെ 42–ാം മിനിട്ടിൽ ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയ ജർമൻ താരം കായ് ഹാവെർട്സാണ് ചെൽസിക്ക് കിരീടം സമ്മാനിച്ചത്. 2012ലായിരുന്നു ചെൽസി ഇതിന് മുമ്പ് യൂറോപ്പിന്റെ ചാമ്പ്യന്മാരായത്.

ഈ സീസണിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിലും ലീഗ് കപ്പിലും ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കം കൽപ്പിച്ചിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെമേധാവിത്തം പുലർത്തിയാണ് ചെൽസി കപ്പിൽ മുത്തമിട്ടത്. ചെൽസിക്ക് ലീഡു നേടാൻ പലതവണ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയത് സിറ്റിയുടെ ഭാഗ്യം. ആദ്യ പകുതിയിൽ ചെൽസി സ്ട്രൈക്കർ ടിമോ വെർണറിനു തന്നെ രണ്ട് സുവർണാവസരങ്ങൾ ഗോൾമുഖത്ത് ലഭിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ക്രിസ്റ്റ്യൻ പുലിസിച്ചും സുന്ദരമായൊരു അവസരം അവിശ്വസന‌ീയമായി പാഴാക്കി. എന്നാൽ തനിക്കുമുന്നിൽ തുറന്ന അവസരം കൃത്യമായി പ്രയോജനപ്പെടുത്തി കഴിഞ്ഞ സീസണിൽ 627 കോടിക്ക് ബയേർ ലെവർകൂസനിൽ നിന്ന് എത്തിച്ച ഹാവെർട്ട്സ് ചരിത്രം കുറിക്കുകയായിരുന്നു.

ഗോൾ വന്ന വഴി

ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് മേസൺ മൗണ്ട് പന്തുമായി മുന്നേറുന്നു. അതേസമയം സിറ്റി പ്രതിരോധത്തെ കബളിപ്പിച്ച് വലതുവിംഗിൽനിന്ന് ഹാവെർട്സ് എതിർ ഗോൾമുഖത്തേക്ക് ഓടിക്കയറുന്നു. മൈതാനമധ്യത്തുനിന്ന് മൗണ്ട് നീട്ടിനൽകിയ പാസ് സിറ്റി പ്രതിരോധത്തിനിടയിലെ വിടവിലൂടെ വന്നത് ഓടിപ്പിടിച്ച ഹാവെർട്സ് മുന്നിലേക്ക് കയറി വഴിമുടക്കാൻ നോക്കിയ സിറ്റി ഗോൾകീപ്പർ എഡേഴ്സനെ വെട്ടിയൊഴിഞ്ഞ് ആളില്ലാ പോസ്റ്റിലേക്ക് പായിച്ചു.

5 ഫൈനൽ ഫാക്ടസ്

1. മധ്യനിരയിൽ നിറഞ്ഞുനിന്ന ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാന്റെയുടെ പ്രകടനം നിർണായകമായി. ഡിബ്രൂയ്നെയുടെ നേതൃത്വത്തിലുള്ള സിറ്റി മുന്നേറ്റത്തിന്റെ മുനയൊടിച്ചും ചെൽസിയുടെ തിരിച്ചടിക്കു നേതൃത്വം നൽകിയും കാന്റെ കളിയിലെ താരവുമായി.

2. ആക്രമണത്തിനാെപ്പം പ്രതിരോധത്തിലും ചെൽസി പുലർത്തിയ ജാഗ്രത. കരുത്തനായ തിയാഗോ സിൽവ പരിക്കേറ്റ് പുറത്തായിട്ടും പ്രതിരോധത്തിൽ അയവുവരുത്താൻ ചെൽസി തയ്യാറായില്ല.

3.ടീം സെലക്ഷനിൽ ഉൾപ്പെടെ സിറ്റി കോച്ച് ഗ്വാർഡിയോള വരുത്തിയ പിഴവുകൾ ചെൽസിക്ക് സഹായകമായി. മധ്യനിരയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ആക്രമണത്തിന് മുൻതൂക്കം നൽകി ടീമിനെ ഇറക്കിയ ഗ്വാർഡിയോളയുടെ നീക്കം തിരിച്ചടിച്ചു.

4.ഫെർണാൻഡീഞ്ഞോ, റോഡ്രി എന്നിവരെ ബെഞ്ചിലിരുത്തിയതോടെ സിറ്റിക്ക് മധ്യനിരയിലെ കടിഞ്ഞാൺ നഷ്ടമായി. ഗബ്രിയേൽ ജീസസ്, സെർജിയോ അഗ്യൂറോ തുടങ്ങിയവരെ പകരക്കാരായി ഇറക്കിയതും ഫലം കണ്ടില്ല.

5.സിറ്റിയുടെ നെടുന്തൂണായ കെവിൻ ഡി ബ്രുയാൻ രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് പുറത്തുപോയത് ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാക്കി.

ടുഹേലിന്റെ പ്രതികാരം

കഴിഞ്ഞ വട്ടം ഫൈനലിൽ കൈവിട്ടുപോയ കിരീടമാണ് ഇക്കുറി ചെൽസി കോച്ച് തോമസ് ടുഹേൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പി.എസ്.ജി പരിശീലകനായെത്തിയ ടുഹേലിന് ഫൈനലിൽ ബയൺ മ്യൂണിക്കിനു മുന്നിലാണ് അടവുകൾ പിഴച്ചത്. രണ്ട് വട്ടം ബാഴ്സയെ ചാമ്പ്യൻമാരാക്കിയ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടിയാണ് ജർമ്മൻകാരനായ ടുഹേൽ കന്നിക്കിരീടം ചൂടിയത്. ബയേണിനോട് തോറ്റ പി.എസ്.ജി ടീമിൽ അംഗമായിരുന്ന ബ്രസീൽ താരം തിയാഗോ സിൽവയ്ക്കും പകരം വീട്ടലായി ഈ കിരീടനേട്ടം.തോമസ് ടുഹേലിനു കീഴിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെൽസി സിറ്റിയെ തോൽപ്പിക്കുന്നത്

Exit mobile version