ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാം; പുതിയ പരിഷ്‌കാരവുമായി യുജിസി 

0
20

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ ഓഫ്‌ലൈനായി ചെയ്യാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം രണ്ടു ഫുള്‍ടൈം ബിരുദ കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച് യുജിസി ഉടന്‍ തന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും ജഗദീഷ് കുമാര്‍ അറിയിച്ചു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒന്നിലധികം വിഷയങ്ങളില്‍ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേരിട്ട് പോയി പഠിക്കാന്‍ സാധിക്കുന്ന ഓഫ്‌ലൈന്‍ സമ്പ്രദായത്തില്‍ ഒരേ സമയം രണ്ടു ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ പരിഷ്‌കാരം. 

ഒരേ സര്‍വകലാശാല തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. ഇതര സര്‍വകലാശാല കോഴ്‌സുകളും ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇതിന് രൂപം നല്‍കുക എന്ന് ജഗദീഷ് കുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും യുജിസി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply