
റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇതുവരെ 137 സൈനികർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്‌കി. 316 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് യുക്രെയ്ൻ പ്രസിഡൻറ് ഇക്കാര്യം പറഞ്ഞത്.അതേസമയം, റഷ്യയോട് ഒറ്റക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്.
ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.ന്യൂസിലാൻഡും ജപ്പാനും റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ഉദ്യോഗസ്ഥർക്ക് ന്യൂസിലാൻഡ് യാത്രനിരോധനം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാൻഡ് നിരോധനമേർപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ന്യൂസിലാൻഡ് ആവശ്യപ്പെട്ടു. യുക്രെയ്‌നിൽ കുടുങ്ങിയ ന്യൂസിലാൻഡ് പൗരൻമാർക്ക് ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി.