Pravasimalayaly

ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടില്ല, ഒരിക്കലും പൊറുക്കാനാവില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി


യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. തങ്ങളുടെ രാജ്യത്ത് നടത്തിയ അതിക്രമത്തില്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, എല്ലാവരെയും ശിക്ഷിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത് മറക്കില്ല. ഒരിക്കലും പൊറുക്കാനാവില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും, റഷ്യ ഷെല്ലാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍ യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.

കുഴിമാടം ഒഴികെ ഭൂമിയില്‍ ഒരിടത്തും സമാധാനമില്ലെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. യുക്രൈന്‍ നഗരങ്ങളില്‍ കര-വ്യോമ- കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. യുക്രൈനിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യ ബോധപൂര്‍വം ആക്രമണം നടത്തുന്നുവെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ടുകളെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ റഷ്യയുടെ യുക്രൈന്‍ അദിനിവേശത്തെ മന്ദഗതിയിലാക്കിയതായാണ് യുഎസ് വിലയിരുത്തല്‍. യൂറോപ്പിലെ റഷ്യന്‍ ഓയില്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നതായി വാഷിങ്ടണ്‍ അറിയിച്ചു. അതിനിടെ റഷ്യ- യുക്രൈന്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും.

Exit mobile version