തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വിഷയത്തിൽ നേതൃത്വം മറുപടി നൽകുമെന്നും താനിപ്പോൾ പ്രചാരണ തിരക്കിലാണെന്നും ഉമ തോമസ് പറഞ്ഞു. കെ വി തോമസിനോട് എന്നും ബഹുമാനമാണുള്ളത്. തനിക്ക് ജീവനുള്ള കാലം വരെ ബഹുമാനം തുടരുമെന്നും അവർ വ്യക്തമാക്കി. കെ വി തോമസിന്റെ തീരുമാനത്തെ നന്ദികേടെന്ന് പറയാൻ പാടില്ല. മാഷിന് വ്യക്തിപരമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെ വി തോമസിന് എതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അത് തീരുമാനിക്കാൻ സംസ്ഥാന നേതൃത്വത്തിന് അധികാരമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസുകാരനായി തുടരുമെന്നും എന്നാൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന കെ വി തോമസിന്റെ നിലപാട് ഒന്നൊന്നര തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.