Pravasimalayaly

കെ.വി.തോമസ് എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ, എതിരു പറയില്ല: ഉമ തോമസ്

തൊടുപുഴ: കെ.വി.തോമസ് തന്നെ എതിർത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. കെ.വി.തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ. കെ.വി.തോമസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉമ തോമസ് പറഞ്ഞു. പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം പ്രചാരണം തുടങ്ങിയ ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്നലെയാണ് ഉമ തോമസിനെ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപനം വന്നത്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി നിർദേശിച്ച ഉമ തോമസിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല വികസനരാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നൽകുന്നതെന്നാണ് കെ.വി.തോമസ് പറഞ്ഞത്. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.വി.തോമസിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ അവസാനം പിടിയുടെ ഭാര്യയെ തന്നെ പാർട്ടി നേതൃത്വം സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

Exit mobile version