തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പ്രതികരണവുമായി ഉമ തോമസ്. തന്നെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പ്രതികരണം. പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്ന പ്രതീക്ഷയാണ് ഉമ തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവച്ചത്. പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമ തോമസ് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പറഞ്ഞു.
മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് ഉമ തോമസ് വ്യക്തമാക്കി. എല്‍ഡിഎഫിനെ 100 സീറ്റ് കടക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ഉമ തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല. മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുമെന്നും വയലാര്‍ രവിയോട് ഫോണില്‍ സംസാരിച്ചെന്നും ഉമ തോമസ് വ്യക്തമാക്കി.
നിലപാടുകളുടെ രാജകുമാരനായി കരുതുന്ന പി ടി തോമസിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് ഉമ തോമസ് പ്രഖ്യാപിച്ചു. പി ടി തോമസിന്റെ നിലപാടുകള്‍ താന്‍ തുടരും. പി ടി പകുതിയ്ക്ക് വച്ച വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ പൂര്‍ത്തിയാക്കും. കെ വി തോമസും ഡൊമനിക് പ്രസന്റേഷനും അടക്കമുള്ളവര്‍ തനിക്കെതിരായി ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അത്രയ്ക്ക് ആത്മബന്ധം അവര്‍ക്കെല്ലാം തന്റെ കുടുംബത്തോടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.