Pravasimalayaly

ഉമ തോമസ് ഉപ്പുതോട്ടിലെത്തി; പിടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാൻ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽനിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.തെരെഞ്ഞെടുപ്പിൽ വൻ വിജയം നേടി പി ടി യെ കാണാൻ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തത്. ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടർമാരെ സമീപിച്ചത്. അപ്പോഴും എൽഡിഎഫിനെ 99ൽ നിർത്തുമെന്നും അവർ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പി.ടി ചെയ്തത് പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു.

Exit mobile version