ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങി; ക്രൈസ്തവ സഭകള്‍ യുഡിഎഫുമായി അടുക്കുന്നു

0
23

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ യുഡിഎഫുമായി അകല്‍ച്ചയിലായിരുന്ന ക്രൈസ്തവ സഭകള്‍ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തതോടെ യുഡിഎഫുമായി വീണ്ടും അടുക്കുന്നു. മുസ്‌ളീം ലീഗ് യുഡിഎഫിനെ ഹൈജാക്ക് ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ഇതേ തുടര്‍ന്ന് ഇന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാര്‍ മുസ്‌ളീം ലീഗ് നേതാക്കളുമായി പാണക്കാട് വസതിയിലെത്തി  ചര്‍ച്ച നടത്തി ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭാംഗം കൂടിയായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഭാ കേസില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി ഉമ്മന്‍ചാണ്ടിയെ സഭയുടെ ഔദ്യോഗീക പരിപാടികളില്‍ പോലും ഓര്‍ത്ത#ഡോക്‌സ് സഭ  പങ്കെടുപ്പിച്ചിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സഭയ്ക്ക ഒരു നാഥനെ ലഭിച്ചു എന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍  മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ സബാകേസില്‍ കോടതി വിധി നടപ്പാക്കലുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പിണറായി സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഓര്‍ത്തഡോക്‌സ് സഭ എത്തിച്ചേര്‍ന്നു. പിണറായി വിജയനെ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലുള്ള ബഹുമാനമാണ് നല്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭാ മാധ്യമവിഭാഗം തലവന്‍ മാര്‍ യൂലീയോസ് മെത്രാപ്പോലീത്ത പ്രസ്താവനയും നടത്തി. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന വാര്‍ത്തയും പരന്നു. എന്നാല്‍ അത്തരമൊരു പ്രചാരണം ഇടതുപക്ഷം തന്നെ ആസൂത്രണം ചെയ്യുന്നതാണെന്നാണ് സഭയുടെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഓര്‍ത്തഡോക്‌സ് വോട്ട് ബിജെപിക്കുപോയാല്‍ ആ സ്ഥലങ്ങളില്‍ ഇടതുപക്ഷത്തിനു വിജയം ഉറപ്പിക്കാമെന്ന മോഹമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ നിലപാടുമായി ഓര്‍ത്തഡോക്‌സ് പക്ഷം യുഡിഎഫിനോട് കൂടുതല്‍ അടുക്കുന്നത്. കത്തോലിക്കാ ബിഷപ്പുമാരുമായും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച്ച നടത്തി വരികയാണ്. താമരശേരി ബിഷപ്പുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. പാലാ, ചങ്ങനാശേരി രൂപതകളുടെ പൂര്‍ണ പിന്തുണ യുഡിഎഫിനു ലഭ്യമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്.

Leave a Reply