Pravasimalayaly

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം; സിനഡിനെതിരെ ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തയച്ചു

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരെ ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തയച്ചു. സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും, 12 ബിഷപ്പുമാർ അയച്ച വിയോജനക്കുറിപ്പ് സിനഡ് അവഗണിച്ചതായും കത്തിലുണ്ട്. രണ്ടു കുർബാന രീതികളും തുടരണമെന്നും ബിഷപ്പുമാർ ആവശ്യപ്പെടുന്നു. ജനുവരി 7ന് സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് കത്ത്  പുറത്തു വരുന്നത്.

കുർബാന ഏകീകരണം സംബന്ധിച്ച ചർച്ചകളിൽ കഴിഞ്ഞ സിനഡിൽ സമവായം ഉണ്ടായിരുന്നില്ലെന്ന് ബിഷപ്പുമാർ പറയുന്നു. എന്നാൽ എല്ലാവരും അനുകൂലമാണെന്ന് മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് സിനഡ് ഉത്തരവ് വാങ്ങിയത്. സിനഡിൽ വൈദികൻ്റെ ശരീരഭാഷ സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നില്ല. കാനൺ നിയമത്തിൻ്റെ 1538 റദ്ദാക്കാൻ സിനഡിന് അധികാരമില്ലാതിരുന്നിട്ടും അതു റദ്ദാക്കിയതായി പ്രസ്താവന ഇറക്കിയതായും സഭയിൽ ഗുരുതരമായ വിഭാഗീയതയാണ് നിലവിലുള്ളതെന്നും കത്തിൽ പറയുന്നു.

കുർബാന ഏകീകരണം ആദ്യം ചർച്ച ചെയ്‌ത 1999ലെ സിനഡിൽ പങ്കെടുത്ത ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, ബിഷപ്പ് ഗ്രേഷ്യൻ മുങ്ങാടൻ, ബിഷപ്പ് ഗ്രിഗറി കരോട്ടെംപ്രേൽ, ബിഷപ്പ് വിജയാനന്ദ് നെടുംപുറം, ബിഷപ്പ് ഡൊമിനിക്ക് കൊക്കാട്ട്, ബിഷപ്പ് തോമസ് ചക്യത്ത് തുടങ്ങിയവരാണ് കത്തയച്ചത്. കുർബാന ഏകീകരണം പോലുള്ള നിർണായക വിഷയത്തിൽ  തീരുമാനമെടുത്തത് കഴിഞ്ഞ തവണ ചേർന്ന ഓൺലൈൻ സിനഡാണെന്നും നാളെ ആരംഭിക്കുന്ന സിനഡ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്നും കത്ത് ആവശ്യപ്പെടുന്നു.

Exit mobile version