ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന സൂചനയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറ്റൊരു ബജറ്റ്. എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നുമെന്നു മന്ത്രി പറഞ്ഞു.
അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ബ്ലൂ പ്രിന്റാണ് ബജറ്റെന്നു പറഞ്ഞ നിര്‍മല സീതാരാമന്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കൂട്ടിച്ചേര്‍ത്തു. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പ്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നീ നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റെന്നു മന്ത്രി പറഞ്ഞു.
പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക തുക വകയിരുത്തും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. 2000 കിലോ മീറ്റര്‍ കൂടി ചേര്‍ത്ത് റെയില്‍വെ ശൃംഖല വികസിപ്പിക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കും.
കാര്‍ഷികമേഖലയുടെ മുന്‍തൂക്കം ലക്ഷ്യമിടുന്ന ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. കര്‍ഷകര്‍ക്കു പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്.
ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. അഞ്ച് നദികളെ സംയോജിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി പര്‍വത് മാലാ പദ്ധതിയും ബജറ്റിലുണ്ട്.
കോവിഡ് സാഹചര്യത്തിലും സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതാണെന്നു പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരം ആരംഭിച്ചത്. കോവിഡിനെ നേരിടാന്‍ രാജ്യം തയാറാണ്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.