രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്

0
287

യുക്രൈന്‍ അതിര്‍ത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹര്‍ദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരണ്‍ റിജിജു ,വികെ സിംഗ് എന്നിവരാണ് അയല്‍രാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാര്‍. മന്ത്രിമാര്‍ ‘ഓപ്പറേഷന്‍ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

യുക്രൈന്‍ രക്ഷാദൗത്യം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍പറഞ്ഞു. പതിനാലായിരത്തോളം ഇന്ത്യന്‍ പൗരന്മാരെ ഇനി ഒഴിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ ഗംഗയുടെ ആദ്യഘട്ടത്തില്‍ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കിഴക്ക്, തെക്ക് മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

യുക്രൈന്‍ സര്‍ക്കാരിന്റെയും, ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന്റെയും സഹകരണത്തോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

Leave a Reply