Tuesday, November 26, 2024
HomeNewsKeralaപരീക്ഷ എഴുതണം; അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യസര്‍വകലാശാല

പരീക്ഷ എഴുതണം; അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യസര്‍വകലാശാല

തിരുവനന്തപുരം: അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യസര്‍വകലാശാല. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്നും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്നും സര്‍വകലാശാല വ്യക്തമാക്കി. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സപ്റ്റംബറില്‍ മാത്രമായിരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

ആരോഗ്യ സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചിരുന്നു. പരീക്ഷയെഴുതാന്‍ 3600 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീര്‍ത്ത് പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുന്‍പ് 800 മണിക്കൂര്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ 500 മണിക്കൂര്‍ ക്ലാസുകള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹൗസ് സര്‍ജന്‍സിയുടെ ദൈര്‍ഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ഒരുക്കമല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2017റെഗുലര്‍ ബാച്ചിലെ വിദ്യാര്‍ഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്‌കരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 80 വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. 120 പേര്‍ പരീക്ഷയ്‌ക്കെത്തിയില്ല. കോഴിക്കോട് പരീക്ഷയെഴുതിയത് 20 പേര്‍ മാത്രമാണ്. 216 പേര്‍ ഇവിടെ പരീക്ഷയ്‌ക്കെത്തില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 150 വിദ്യാര്‍ഥികളില്‍ 60 പേര്‍ മാത്രമാണ് പരീക്ഷയ്‌ക്കെത്തിയത്. കോട്ടയത്ത് 55 പേരാണ് പരീക്ഷയ്‌ക്കെത്തിയത്. 150 പേരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. എറണാകുളത്ത് 104 പേരില്‍ 30 പേര്‍ മാത്രം പരീക്ഷയെഴുതി. സെല്‍ഫ് ഫൈനാന്‍സിങ് മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികളും പരീക്ഷ ബഹിഷ്‌കരിച്ചു. അതേസമയം മിക്ക കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും ശേഷിക്കുന്ന പരീക്ഷകള്‍ പ്രഖ്യാപിത സമയക്രമമനുസരിച്ചു നടത്തുമെന്നും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments