സർക്കാരിന്റെ ‘സ്‌കാവഞ്ചർ’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടൻ ഉണ്ണി രാജന് നിയമനം ലഭിച്ചു. ശനിയാഴ്ചയാണ് രജിസ്റ്റേർഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി രാജൻ. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്‌കാവഞ്ചർ തസ്തിക. കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് ഉണ്ണി രാജൻ അപേക്ഷ സമർപ്പിച്ചത്. തനിക്ക് വേണ്ടത് ഒരു സ്ഥിര ജോലിയാണെന്നും, എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും നടൻ ഉണ്ണി രാജൻ പറയുന്നു.
ഒഴിവിലേക്കുള്ള അഭിമുഖത്തിനായി ഉണ്ണി രാജൻ എത്തിയപ്പോൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ അമ്പരന്നു. ജോലിയെ കുറിച്ച് ഉണ്ണി രാജന് കൃത്യമായ ധാരണയുണ്ടോ എന്ന സംശയമായിരുന്നു. എന്നാൽ ഒരു സ്ഥിര ജോലി തന്റെ സ്വപ്‌നമാണെന്നും എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും ഉണ്ണി രാജൻ പറയുന്നു.
സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ലെന്ന് ഉണ്ണി രാജൻ പറഞ്ഞു. ഗാന്ധിജി പോലും ചെയ്തിട്ടുള്ള ജോലിയാണിതെന്നും താനല്ലെങ്കിൽ ഈ ജോലി മറ്റാരെങ്കിലും ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഈ ജോലി ചെയ്താൽ എന്താണെന്നും ഉണ്ണി രാജൻ സന്തോഷത്തോടെ ചോദിക്കുന്നു.