Pravasimalayaly

ഉത്തര്‍പ്രദേശ് പോളിങ് ബൂത്തില്‍; 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഉത്തർപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 

ഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒമ്പത് മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. കർഷക സമരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ  ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആർഎൽഡി സഖ്യത്തിനുള്ളത്.     

ജാട്ട് സമുദായത്തിന് സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബിജെപിക്ക് വെല്ലുവിളിയാണ്. ഈ വിഭാഗത്തിൽ നിന്ന് ബിജെപി പതിനേഴ് സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ സമാജ്‍വാദി പാർട്ടി – ആർഎൽഡി സഖ്യം 18 സ്ഥാനാർത്ഥികളെയും രംഗത്തിറക്കി. 

ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് കർഷക സംഘടനകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കർഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആർഎൽഡി നിലവിൽ സമാജ്‍വാദി സഖ്യത്തിനൊപ്പമാണ്. യുപിയിൽ വലിയ പ്രതീക്ഷ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോൺഗ്രസിൻറെ പ്രചാരണം. അമേത്തിയിൽ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാൽ രാഹുൽ ഗാന്ധിയെ ഉത്തർ പ്രദേശിലേക്ക് എത്തിയിരുന്നില്ല. 
 

Exit mobile version