യു എസ് പ്രസിഡന്റ് :ജോ ബൈഡൻ മുന്നേറുന്നു. ട്രംപിന്റെ നില പരുങ്ങലിൽ

0
57

വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്കു നീങ്ങുന്നു. 270 ഇലക്ടറൽ വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ ആദ്യമെത്തുകയെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന് ഇപ്പോഴും പറയാനാകാത്ത സ്ഥിതിയിൽ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന നിർണായക സംസ്ഥാനങ്ങളായിരിക്കും ഇനി വിധി നിർണയിക്കുക. ജോർജിയ, നോർത്ത് കാരലിന, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ എന്നിവിടങ്ങൾ നിർണായകമായേക്കും. നേരത്തെ ട്രംപ് ലീഡ് ചെയ്തിരുന്ന മിഷിഗണിൽ ഇപ്പോൾ ബൈഡൻ നേരിയ വോട്ടുകൾക്ക് മുന്നിലെത്തിയതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണൽ തുടരുന്ന ജോർജിയ, നോർത്ത് കാരലിന എന്നീ സ്റ്റേറ്റുകളിൽ ട്രംപാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽക്കാൻ സാധ്യതയുണ്ട്. വിസ്കോൻസിനിലും ചെറിയ ലീഡുമായി ജോ ബൈഡൻ തന്നെയാണ് മുന്നിൽ. എന്നാൽ ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം ബൈഡൻ പങ്കുവച്ചിരുന്നു. എന്നാൽ ട്രംപ് വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. ഫലത്തിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. അവസാനം പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 238 ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്.

Leave a Reply