‘ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍’, കെ സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് ശിവന്‍കുട്ടി

0
630

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ചു തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.

എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു.

ഈ നാടിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. കെപിസിസി അധ്യക്ഷപദവി ആരുടെയും ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും വ്യക്തമായി പൊതുജനങ്ങള്‍ക്ക് അറിയാമെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply