മൗനം കൊണ്ട് വാക്കുകള്‍ സൃഷ്ടിച്ച വിശ്വപ്രേമത്തിന്‍റെ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഥാവശേഷനായിട്ട് ഇന്ന് ഇരുപത്തിയേഴ് സംവത്സരം പൂര്‍ത്തിയാകുന്നു.
തന്‍റേതായ വാക്കുള്‍കൊണ്ടും പ്രയോഗങ്ങള്‍കൊണ്ടും എഴുത്തിന്‍റെ സാമ്രാജ്യം സൃഷ്ടിച്ച കഥയുടെ സുല്‍ത്താന്‍ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. ജീവിതഗന്ധിയായ തന്‍റെ രചനകളിലൂടെ…
മലയാള സാഹിത്യത്തില്‍ നന്മയുടെ സൗരഭ്യം പരത്തിയ എഴുത്തുകാരന്‍ അനുഭവത്തിന്‍റെയും ആഖ്യാനത്തിന്‍റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ എക്കാലത്തും വിസ്മയിപ്പിച്ചിരുന്നു. തന്‍റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്‍റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു. അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ ബഷീറിന്‍റെ കഥാപാത്രങ്ങള്‍ സംസാരിച്ചില്ല, പ്രാമാണിക വ്യാകരണങ്ങളെ അനുസരിച്ചിട്ടുമില്ലായിരുന്നു. കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവു വായനാ ശൈലിക്കു പകരം കഥാപാത്രങ്ങള്‍ തങ്ങളെ അങ്ങോട്ട് ആവാഹിക്കുന്ന ശൈലിയായിരുന്നു സുല്‍ത്താന്‍റേത്.
1908 ജനുവരിയില്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പലായിരുന്നു ബഷീറിന്‍റെ ജനനം. സ്കൂള്‍ കോളെജ് വിദ്യാഭ്യാസത്തിന് ശേഷം എഴുത്തിലേക്ക് കടക്കുകയായിരുന്നു. ബഷീര്‍ കഥകള്‍ എഴുതുകയായിരുന്നില്ല മറിച്ച് സ്വന്തം ജീവിതാനുഭവങ്ങള്‍ കണ്ണീരില്‍ ചാലിച്ച് പകര്‍ത്തിയെഴുതിയപ്പോള്‍ ആ കഥകള്‍ അനുവാചകരെ വിസ്മയിപ്പിച്ചു. ബഷീറിന്‍റെ കഥകള്‍ സാധാരണക്കാരുടെ സങ്കടങ്ങളായിരുന്നതിനാല്‍ അവര്‍ അതിനെ നെഞ്ചോട് ചേര്‍ത്തുവച്ചു.
ബഷീറിന്‍റെ ബാല്യം തികഞ്ഞ ദാരിദ്ര്യത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യമാണ്. ദാരിദ്ര്യത്തിന്‍റെ പാര്യമതയില്‍ നിന്നും ഉടലെടുത്ത കഥകളില്‍ നന്മയും സ്നേഹവും നിറഞ്ഞ് നില്‍ക്കുന്നു. വായനക്കാരെ നേര്‍വഴിയിലേക്ക് നടത്തുക എന്നതാണ് എഴുത്തുകാരന്‍റെ ധര്‍മം. ഗ്രാമീണ ഭാഷയുടെ സൗന്ദര്യവും നിഷ്കളങ്കത്വവും ഇത്രയേറെ വശ്യമനോഹരമായി എഴുതിയ മറ്റൊരു കഥാകാരന്‍ മലയാള സാഹിത്യലോകത്ത് ഉണ്ടോ എന്നു പോലും സംശയമാണ്. മലയാള ഭാഷയുടെ വ്യാകരണം തേടുന്നവര്‍ക്ക് ബഷീര്‍ കഥകള്‍ നിരാശ നല്‍കിയേക്കാം. ജീവിതത്തിന്‍റെ തീഷ്ണഭാവങ്ങള്‍ വികാരനിര്‍ഭരമായി ബഷീര്‍ തന്‍റെ ഓരോ കഥകളിലും കോറിയിട്ടു. തന്‍റെ രചനകളില്‍ തന്‍റെ കൈയൊപ്പ് പതിയണമെന്ന് ബഷീര്‍ ആഗ്രഹിച്ചിരുന്നു. ബാല്യകൗമാരത്തില്‍ ഏറ്റ മുറിവുകള്‍ ആയിരിക്കാം ബഷീര്‍ എന്ന പച്ച മനുഷ്യനെ 22ാം വയസില്‍ നാടുവിട്ട് ഒരു ഭ്രാന്തനെപ്പോലെ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയാന്‍ ഇടയാക്കിയത്.
ജയകേസരിയില്‍ വന്ന തങ്കമാണ് പ്രസിദ്ധീകൃതമായ ആദ്യ കഥ. 1943ല്‍ മലയാള സാഹിത്യത്തിന് ഒരു പ്രേമലേഖനവുമായി ബഷീര്‍ കടന്നു വന്നു.
അസ്വസ്ഥമായ രാത്രികളും അലങ്കോലപ്പെട്ട പകലുകളുമായ് കല്‍ക്കട്ടയിലെ താമസത്തിനിടയില്‍ തന്‍റെ ബാല്യ കൂട്ടുകാരി മരണപ്പെട്ടതായി ബഷീര്‍ സ്വപ്നം കണ്ടു. പൂര്‍ത്തികരിക്കാനാകാത്ത പ്രണയം മനസിന് വിങ്ങലാണ്. ആ വിങ്ങലില്‍ നിന്നുമാണ് ബഷീറിന്‍റെ “ബാല്യകാല സഖി’ പിറന്ന് വീണത്.
സ്വാതന്ത്ര്യസമരം കൊടുമ്പിരിപ്പെട്ട കാലം ബഷീര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു രണ്ട് വര്‍ഷം ജയില്‍വാസമനുഭവിച്ചു. ജയില്‍ മോചിതനായ ബഷീര്‍ നാട്ടിലെത്തിയതിനുശേഷം തിരുവിതാംകൂര്‍ ദിവാനായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരേ എഴുതി തുടങ്ങി. ഏറ്റവും നല്ല സുഹൃത്ത് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമെന്നും ബഷീര്‍ വിശ്വസിച്ചിരുന്നു. അതിനാലാണ് സര്‍ സി.പിക്കെതിരേ എഴുതിയത്. പക്ഷേ, ദിവാന്‍ ബഷീറിനെ കല്‍തുറങ്കിലടച്ചു.
ജയില്‍ മോചിതനായ ബഷീര്‍ പിന്നീട് കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ വീട് വച്ചു. പിന്നീട് ബഷീര്‍ “ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന പേരില്‍ അറിയപ്പെട്ടു. അവിടെ വച്ചായിരുന്നു വിവാഹം. പിന്നീട് 40 കഥകള്‍ എഴുതി ജന്മദിനം, പൂവമ്പഴം, പ്രേമലേഖനം, ആനവാരിയും, പൊന്‍കുരിശും, ന്‍റുപ്പാപ്പാക്കൊരുനാണ്ടാര്‍ന്നു, വിശ്വവിഖ്യാതമായ മൂക്ക്, ഭാര്‍ഗവിനിലയം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.