Pravasimalayaly

ശരീരത്തില്‍ പ്രവേശിച്ച പാമ്പിന്‍ വിഷം പൂര്‍ണമായും നീക്കി, വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. ശരീരത്തില്‍ പ്രവേശിച്ച പാമ്പിന്‍ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്. കോട്ടയം കുറിച്ചിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുകയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ് അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു.

അതേസമയം, പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Exit mobile version