Pravasimalayaly

തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു,ദ്രാവകരൂപത്തില്‍ നല്‍കുന്ന ഭക്ഷണം സ്വീകരിക്കുന്നു;വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ നല്‍കുന്ന ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ചോദ്യങ്ങളോട് സുരേഷ് അനുകൂലമായി പ്രതികരിക്കുന്നുമുണ്ടെന്നാണ് വിവരം.

സുരേഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിര്‍ണായകമാണെന്നായിരുന്നു വിദഗ്ധസംഘം അറിയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഈ സമയപരിധി അവസാനിക്കും. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. എങ്കിലും സുരേഷിന്റെ ആരോഗ്യനിലയിലെ പുരോഗതി പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ആശങ്കാവഹമായിരുന്നു. ഇന്നലെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചിരുന്നു.

കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version