പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകാശാലയിലെ നിയമനത്തിന് എതിരെ പരാതി നൽകിയതിനെ തുടർന്ന് ജോസഫ് സ്‌കറിയയയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിൽ നിന്നും വി.സി പിൻമാറി. സിൻഡിക്കറ്റ് യോഗത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്.
ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള തീരുമാനം കഴിഞ്ഞ യോഗത്തിൽ വി.സി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇടത് അംഗങ്ങൾ എതിർത്തിരുന്നു. കോടതി ഉത്തരവിൻറെ ബലത്തിൽ കാലിക്കറ്റ് സർവകാശാല മലയാളം പ്രൊഫസർ അഭിമുഖത്തിൽ പങ്കെടുത്ത ഡോ. ജോസഫ് സ്‌കറിയ റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഡോ.ജോസഫ് സ്‌കറിയയായിരുന്നു ഒന്നാമത്.
അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ജനുവരിയിൽ പൂർത്തിയായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നിയമനം വൈകി. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ എം.കെ ജയരാജ് പ്രൊഫസർ റാങ്ക് പട്ടികയും നിയമന തീരുമാനവും അവതരിപ്പിച്ചിരുന്നു.
എന്നാൽ കോടതിയിൽ കേസ് നിൽക്കുന്നതിനാൽ നിയമനം സാധ്യമല്ലെന്ന് ആണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. ഇന്നലെ വീണ്ടും ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിവാദമായ മലയാളം പ്രൊഫസർ നിയമനം വീണ്ടും ചർച്ചയായി. യു ഡി എഫ് അംഗം വിഷയം ഉന്നയിച്ചപ്പോൾ കോടതിയിലുള്ള കേസ് പൂർത്തിയാകുന്നത് വരെ നിയമന നീക്കമില്ലെന്നാണ് വി.സി നൽകിയ മറുപടി.
ഡോ.ജോസഫ് സ്‌കറിയയുടെ നിയമനത്തിനെതിരെ മറ്റൊരു ഉദ്യോഗാർഥിയായ ഡോ.സി.ജെ ജോർജും കോടതിയെ സമീപിച്ചിരുന്നു. ഓൺലൈൻ അപേക്ഷയിൽ മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അഭിമുഖം റദ്ദാക്കണമെന്നു മാണ് സി.ജെ ജോർജ്ജിന്റെ പരാതി.