സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് വി.ഡി. സതീശൻ. മുഖ്യമന്ത്രി അറിയാതെ, മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ വിജിലൻസ് ഡയറക്ടർ ഷാജ് കിരൺ എന്ന മാധ്യമ പ്രവർത്തകനെ ഉപകരണമാക്കി. സ്വർണക്കടത്ത് കേസ് പ്രതി കൊടുത്ത മൊഴി പിൻവലിക്കാൻ അവരുടെ മേൽ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എന്തിന് വേണ്ടിയാണെന്ന് വി.ഡി. സതീശൻ ചോദിച്ചു.
‘മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. എന്തിനാണ് അദ്ദേഹത്തിന് ഇത്രയും വലിയ സുരക്ഷ. ഞങ്ങൾ ആരെയും കല്ലെറിയില്ല. സ്വർണക്കടത്ത് കേസിൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹം ഇതിൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
വിജിലൻസ് ഡയറക്ടറെ തിടുക്കത്തിൽ മാറ്റിയതിൽ ദുരൂഹത വ്യക്തമാണ്. ഗൗരവമുള്ള എന്തോ ഇതിൽ സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികൾ വരെ മൗനം പാലിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിന്റെ ഭാഗമായി എന്ന് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകി. എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.