വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്. ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലല്ലോ. അപ്പോൾ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പോളിംഗ് 75 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷ. പിറ്റി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും. ഫൈനൽ പോളിംഗും താഴേത്തട്ടിലെ റിപ്പോർട്ടുംകൂടി കിട്ടിക്കഴിഞ്ഞാൽ ഏകദേശം എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാകും.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണ്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൊലീസ് കൂടി കള്ളം പറയുന്നു. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഐഎം കള്ളക്കഥ മെനയുന്നത്. ആളുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എയല്ല ആവശ്യമെന്ന എല്‍ഡിഎഫ് പ്രചാരണം തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷ എംഎല്‍എ വന്നാല്‍ വികസന പ്രവര്‍ത്തനം നടത്തില്ല എന്നല്ലേ അവര്‍ പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൃക്കാക്കര മണ്ഡലത്തിന് ആവശ്യമായ വികസനം എത്തിക്കാന്‍ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് സാധിക്കും. അത് ചോദിച്ചുവാങ്ങാനുള്ള കരുത്ത് യുഡിഎഫിനുണ്ട്. പിണറായി വിജയന്റെ വീട്ടില്‍ നിന്നെടുത്തല്ല വികസന പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ലീഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദും പ്രസ്താവിച്ചു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആള്‍ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.