തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. വൈസ് ചാന്‍സലറെ നീക്കമമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളാണ് പ്രധാന പ്രശ്‌നമെന്നും അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഡി.ലിറ്റ് വിഷയം ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേരള യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍, രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ കൂടി തയ്യാറായാണ് കേരളത്തിലേക്കുള്ള യാത്രാപരിപാടി നിശ്ചയിച്ചെത്തിയതെന്നും കേരള യൂണിവേഴ്‌സിറ്റി ഒഴിഞ്ഞുമാറിയതോടെ അപമാനിതനായാണ് അദ്ദേഹം കഴിഞ്ഞയാഴ്ച മടങ്ങിയതെന്നുമാണ് വിവരം. വൈസ് ചാന്‍സലറെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ഡിസംബര്‍ ആദ്യമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നല്‍കുന്നതിലൂടെ കേരള സര്‍വകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. സിന്‍ഡിക്കേറ്റ് വിളിച്ച് ഉടന്‍ അംഗീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പും നല്‍കിയിരുന്നു.