Monday, November 25, 2024
HomeNewsKerala‘കേരളം ഭരിക്കുന്നത് പാര്‍ട്ടി’; മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ലെന്ന് സതീശന്‍

‘കേരളം ഭരിക്കുന്നത് പാര്‍ട്ടി’; മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ലെന്ന് സതീശന്‍

മാതാമംഗലത്ത് സിഐടിയുവിന്റെ സമരത്തെ തുടര്‍ന്ന് എസ്ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം പൂട്ടിയതിലും കണ്ണൂരിലെ ബോംബേറ് കൊലപാതകത്തിലും സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. എസ് ആര്‍ അസോസിയേറ്റ്സുമായി ബന്ധപ്പെട്ട സംഭവം മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്നിട്ടും അറിയാത്ത ഭാവമാണ് സര്‍ക്കാരിനെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എസ്ആര്‍ അസോസിയേറ്റ്‌സിന് ലൈസന്‍സ് ഇല്ലെന്നാണ് തൊഴില്‍ മന്ത്രിയുടെ വാദം. ലൈസന്‍സ് ഉണ്ടെന്ന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ സിഐടിയുക്കാരെ വെള്ളപൂശാനുള്ള മന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി വിധി വാങ്ങിയെന്നതാണ് സ്ഥാപനം ഉടമ ചെയ്ത കുറ്റമെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു.

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരളത്തില്‍ എന്താണ് നടക്കുന്നത്. ഇതാണോ നിക്ഷേപ സൗഹൃദ അന്തരീക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു,” മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നും സതീശന്‍ പറഞ്ഞു.

“തളിപ്പറമ്പ് ആന്തൂരില്‍ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്? കൊല്ലം പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനും ഇടത് മുന്നണിക്കും പാപഭരത്തില്‍ നിന്നൊഴിയാനാകില്ല,” സതീശന്‍ വ്യക്തമാക്കി.

“ഇവിടെ ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു.. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്? സര്‍ക്കാരിന്റെ നയം ഒന്ന് പ്രവര്‍ത്തി മറ്റൊന്ന്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

“വിവാഹ പാര്‍ട്ടിക്ക് നേരെ ഉണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്ത് മരിച്ചു. ഇതും കണ്ണൂരിലാണ്. ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സിപിഎമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍. ബോംബ് പൊട്ടി തലയോട്ടി തകര്‍ന്ന് യുവാക്കള്‍ മരിക്കുമ്പോള്‍ ഈ നേതാക്കള്‍ക്ക് എന്നതാണ് പറയാനുള്ളത്,” സതീശന്‍ ചോദ്യം ഉയര്‍ത്തി.

സംസ്ഥാനത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പോലീസിനെ നോക്കുകുത്തിയാക്കി. പോലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments