Pravasimalayaly

മന്ത്രിമാർ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം; ഭാരത് ജോഡോ യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ല: വി ഡി സതീശൻ

വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാർ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സർക്കാർ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ ഫോണിൽ അടിമുടി ദുരൂഹതയാണെന്നും വി ഡി സതീശൻ ആരോപിച്ചു. കെ ഫോൺ തുടങ്ങിയപ്പോൾ മുതൽ ദുരൂഹതയാണെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. ടെണ്ടർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്. 83 ശതമാനം പൂർത്തിയായിട്ടും ഒരാൾക്ക് പോലും കണക്ഷൻ കിട്ടിയില്ല. കെ ഫോണിൽ വൻ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിൾ ഇടൻ 47 രൂപയ്ക്ക് കരാർ നൽകിയെന്ന് ആരോപിച്ച വി ഡി സതീശൻ, കെ ഫോൺ അഴിമതിയിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

ഭാരത് ജോഡോ യാത്രക്ക് കിട്ടിയത് വലിയ പ്രതികരണമാണെന്നും ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. 29 ന് കേരള അതിർത്തി കടക്കും വരെ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെതിരെ നടത്തുന്ന യാത്രയാണ് ജോഡോ യാത്ര എന്ന് വിമർശിക്കുന്നവർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയേയും ഫാസിസത്തേയും വിമർശിക്കുമ്പോൾ എന്തിനാണ് സിപിഎമ്മിന് അസ്വസ്ഥതയാണ്. യാത്ര റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും വി ഡി സതീശൻ പരിഹസിച്ചു. 
 

Exit mobile version