Pravasimalayaly

ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ല, പരസ്യ പ്രതികരണം അനൗചിത്യമെന്നും വി.ഡി. സതീശൻ

ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്ത് പ്രേരണയിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കാപ്പൻ നടത്തിയതെന്നറിയില്ല. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഘടകകക്ഷികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല അവരെ പരി​ഗണിക്കുന്നത്. എം.എൽ.എ ആവുന്നതിന് മുമ്പ് തന്നെ കാപ്പനുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് ഞാൻ. ആർ.എസ്.പിയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത് പോലെ ഇതും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ​ഗുരുതര ആരോപണമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ.

വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും കാപ്പൻ വ്യക്തമാക്കി.

യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പൻ ആവർത്തിക്കുന്നുണ്ട്. മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രം​ഗത്തെത്തി. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Exit mobile version