രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മടിയില്‍ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശന്‍ വെല്ലുവിളിച്ചു. വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുന്നു. യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല. മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തേടി. ഞങ്ങളുയര്‍ത്തിയ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. മുഖ്യമന്ത്രി ബാഗേജ് മറന്നു പോയിട്ടില്ലെന്ന് കള്ളം പറഞ്ഞെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവര്‍ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്ന് സതീശന്‍ പറഞ്ഞു.
സരിത്തിനെ തട്ടിക്കൊണ്ട് പോയി. സ്വപ്നയ്‌ക്കെതിരെ കേസ് കൊടുത്തു. ഷാജ് കിരണിനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും വിജിലന്‍സ് ഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെന്തിനാണെന്നും സതീശന്‍ ചോദിച്ചു. മാത്യു കുഴല്‍നാടന്‍ തെളിവ് ഹാജരാക്കിയാണ് സംസാരിച്ചത്. ഇനി മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും സതീശന്‍ വ്യക്തമാക്കി.