Pravasimalayaly

സില്‍വര്‍ലൈന്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു; ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ യു ഡി എഫ് അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും അധികാരത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അഴിമതി ലക്ഷ്യം വെച്ച് അനാവശ്യ ധൃതി കാണിച്ചു. സില്‍വര്‍ ലൈന്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ യു ഡി എഫ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോണ്ഗ്രസ് ചിന്തന്‍ ശിബിരത്തെ മുഖ്യമന്ത്രി പഠിച്ചതില്‍ സന്തോഷം. മുഖ്യമന്ത്രി നിവര്‍ന്നു നില്‍ക്കുന്ന ഊന്നു വടി എന്തായാലും യു ഡി എഫിന് വേണ്ട. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഊന്നുവടിയുടെ ബലത്തിലാണ് മുഖ്യമന്ത്രി നിവര്‍ന്നു നില്‍ക്കുന്നത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ട് നിന്നത് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടില്ല. യു ഡി എഫ് ജനകീയ അടിത്തറ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ആവലാതിയെന്ന് വി ഡി സതീശന്‍ ചോദിച്ചു. കെ ടി ജലീലിന്റെ കത്ത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകള്‍ക്ക് ഇരയാകാന്‍ ഉള്ള ജന്മമായി ജലീല്‍ മാറിയതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ഗ്രസ് വലതു പക്ഷമല്ല. മോഡി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നാലെ പോവുകയാണ് ഇടതുപക്ഷം. കോണ്ഗ്രസിന്റേത് നെഹ്റൂവിയന്‍ കാഴ്ചപ്പാടാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ആളുകളെ കരുതല്‍ തടങ്കലില്‍ ആക്കുന്നത് ആണോ ഇടതുപക്ഷം. പിണറായി സര്‍ക്കാരിന് ഇടതുപക്ഷ നിലപാടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Exit mobile version