സില്‍വര്‍ ലൈന്‍ സംവാദം പ്രഹസനമെന്ന് വിഡി സതീശന്‍

0
34

സില്‍വര്‍ ലൈന്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ജോസഫ് സി മാത്യൂവിനെ സര്‍ക്കാരിന് ഭയമാണ്. കെ റെയില്‍ എംഡി ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലുള്ള ആളാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സിപിഐഎം ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് കെ റെയിലിന് എതിരായി കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കെ റെയില്‍ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കെ റെയില്‍ അധികൃതരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചര്‍ച്ചകളും തീരുമാനിക്കുന്നതും അവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദഗ്ധന്‍ അലോക് കുമാര്‍ വര്‍മ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയില്‍ അല്ലെന്നും സര്‍ക്കാരാണെന്നുമാണ് അലോക് വര്‍മ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചര്‍ച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമര്‍ശം പിന്‍വലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവാദത്തില്‍ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാര്‍ വര്‍മ്മയുടെ നിലപാട്.

Leave a Reply