തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ കെട്ട കാലത്തും നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്. നോട്ടു നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതു പോലുള്ള തെറ്റായ വഴികളിലൂടെയാണ് ജി.ഡി.പി വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. 2008- ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി മൈനസിലേക്ക് പോയപ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 3.1 ആയി പിടിച്ചു നിര്‍ത്തിയിരുന്നു.
മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് ഈ ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വെയാണ് വഹിക്കുന്നത്. അതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന സില്‍വര്‍ ലൈനില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.