Pravasimalayaly

സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണം; കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ല : വി ഡി സതീശന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ ഗുരുതരമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. സ്വപ്നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കോണ്‍സല്‍ ജനറല്‍ ഇല്ലാതെ തനിച്ചും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. കോണ്‍സല്‍ ജനറല്‍ പ്രോപ്പര്‍ സാങ്ഷന്‍ ഇല്ലാതെയും മുഖ്യമന്ത്രിയുടെ വസതിയില്‍ പോയതായി സ്വപ്‌ന പറയുന്നു. രാജ്ഭവനിലേക്കുള്ള ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് തെറ്റിച്ച്, രാജ് ഭവനില്‍ പോകുന്നതിന് പകരം ക്ലിഫ് ഹൗസിലേക്ക് പോയി. ഇതെല്ലാം ഗുരുതരമായ ആരോപണങ്ങളാണ്. 

കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ല. മുമ്പ് ഉമ്മന്‍ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ സ്വയം സന്നദ്ധനായി സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാകണം. സതീശന്‍ ആവശ്യപ്പെട്ടു. കെ ഫോണ്‍, സ്പ്രിങ്ക്ളർ എന്നിവയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഉദ്ധരിച്ച് സ്വപ്‌ന വെളിപ്പെടുത്തില്‍ നടത്തിയിട്ടുണ്ട്. 

സ്പ്രിങ്ക്ളറിന്റെ സമയത്ത് തന്നെ ബലിയാടാക്കി എന്ന് ശിവശങ്കര്‍ പറഞ്ഞുവെന്നാണ് സ്വപ്‌ന പറഞ്ഞത്. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഡാറ്റ വിറ്റതായും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണ്. അത് ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വപ്‌ന വെളിപ്പെടുത്തിയിട്ടുള്ളത്. കെ ഫോണ്‍ സംബന്ധിച്ചും വന്‍ അഴിമതിയാണ് നടന്നത്. 

മെന്റര്‍, ബാഗേജ് വിഷയങ്ങളില്‍ തെറ്റായ വിവരം നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മെന്റര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. യുഎഇ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നുപോയില്ല എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതും തെറ്റായ വിവരമാണ്. ശിവശങ്കര്‍ കസ്റ്റംസ് ആക്ടിന്റെ 108 പ്രകാരം നല്‍കിയ മൊഴി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വപ്‌ന സുരേഷ് വഴി ഈ ബാഗേജ് കൊണ്ടുപോയിട്ടുണ്ട് എന്നാണത്. 

ബാഗേജ് കൊടുത്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അപ്പോള്‍ നിയമസഭയില്‍ പറഞ്ഞത് തെറ്റാണ്. അദ്ദേഹം പറഞ്ഞത് ഡിപ്ലോമാറ്റിക് ചാനലല്ല, വ്യക്തി കൊണ്ടുപോയതാണെന്നാണ്. വ്യക്തി കൊണ്ടുപോകുന്നതാണെങ്കില്‍ ഡിപ്ലോമാറ്റിക് ചാനലില്‍ ഇവര്‍ പോകുന്നതെന്തിനാണ്?. മൊമെന്റോയ്ക്കും ആറന്മുള കണ്ണാടിക്കും എന്തിനാണ് ഡിപ്ലോമാറ്റിക് പ്രിവിലേജ്?. അങ്ങനെയെങ്കില്‍ ഡിപ്ലോമാറ്റിക് ചാനലില്‍ ആറന്മുള കണ്ണാടി കൊണ്ടുപോയതെന്തിനാണെന്നതിന് മറുപടി പറയണം. ബാഗേജിന്റെ കാര്യത്തിലും മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞിട്ടുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. 

Exit mobile version