Pravasimalayaly

മഹത്തായ സഭയെ ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാക്കി മാറ്റരുതെന്ന് വി.ഡി.സതീശന്‍

കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യവുമായി സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.

‘കമ്മ്യൂണിസ്റ്റ് നിലപാടുകളെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളുകള്‍ ഭര്‍ത്താവ് മരിച്ചുപോയ ഒരു സ്ത്രീയുടെ വിധി അവര്‍ ഉണ്ടാക്കി വച്ചതാണ് എന്ന് പറയുന്നു. കേരളം എങ്ങോട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്നു. മറ്റൊരു കാര്യം ഞാന്‍ സ്പീക്കറോട് ചോദിച്ചത് ഇത് കൗരവ സഭയല്ല,നിയമസഭയെ അങ്ങനെ ആക്കരുത് എന്നാണ്. എത്രമാത്രം പാരമ്പര്യമുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ള മഹത്തായ സഭയെ കൗരവ സഭയാക്കി മാറ്റുന്നതാണ് എംഎം മണിയുടെ പരാമര്‍ശം’. വി.ഡി.സതീശന്‍ നിയമസഭയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version