Pravasimalayaly

‘ലാവ്ലിന്‍ കേസോ, അതോ സ്വര്‍ണക്കള്ളക്കടത്ത് കേസോ’; നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചതിനെതിരെ വി ഡി സതീശന്‍

നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചത് വിസ്മയത്തോടെയാണ് ഞങ്ങളെല്ലാം നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി വന്നതിന്റെ പേരില്‍ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കള്‍ എല്ലാവരും. സംഘി പ്രേമചന്ദ്രന്‍ എന്നാണ് പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്ടായിരുന്നു ബൈപ്പാസ്. ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥന്‍മാര്‍ വിളിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അവിടുത്തെ എംപിയ്ക്ക് പ്രധാനമന്ത്രി വരണ്ട എന്നു പറയാന്‍ കഴിയുമോ. എന്നിട്ടും തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രധാനമന്ത്രിയെ ക്ഷണിച്ചു എംപി എന്നതിന്റെ പേരില്‍ അദ്ദേഹത്തെ സംഘി പ്രേമചന്ദ്രന്‍ എന്ന് ആ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിപിഎമ്മുകാര്‍ ആക്ഷേപിച്ചു.

ഗുജറാത്തില്‍ പോയതിന്റെ പേരില്‍ ഷിബു ബേബി ജോണ്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കന്‍മാര്‍ക്ക് പിണറായി വിജയന്‍ സാക്ഷാല്‍ അമിത് ഷായെ നെഹ്‌റു ട്രോഫിക്ക് ക്ഷണിച്ചതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാന്‍ വലിയ ആഗ്രഹമുണ്ട്. ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ ആളുകളെയൊക്കെ വെറുതെവിട്ട പശ്ചാത്തലമാണിപ്പോള്‍. അന്ന് ആ വലിയ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഗുജറാത്തില്‍ അമിത് ഷായായിരുന്നു ആഭ്യന്തര മന്ത്രി. ഇപ്പോള്‍ ദേശീയ തലത്തില്‍ അതെല്ലാം വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ് മുഖ്യമന്ത്രി ഈ അമിത് ഷായെ വിളിക്കാനുള്ള കാരണം എന്നു പറയണം.

ലാവ്ലിന്‍ കേസ് എടുക്കാന്‍ പോകുന്നതാണോ പ്രശ്‌നം, അതോ സ്വര്‍ണക്കള്ളക്കടത്ത് കേസാണോ പ്രശ്‌നം. കേരളത്തിലെ സിപിഎം നേതൃത്വവും ഡല്‍ഹിയിലെ ആര്‍എസ്എസ് നേതൃത്വും തമ്മില്‍ ഒരു അവിഹിത ബന്ധം ഉണ്ട് എന്ന ഞങ്ങളുടെ ആരോപണം അടിവരയിടുന്നതാണ്. പകല്‍ ബിജെപി വിരോധം രാത്രി ബിജെപി നേതാക്കളുമായുള്ള ചര്‍ച്ച. ഇതാണ് കുറേ നാളായി കേരളത്തില്‍ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുതന്നെയാണ് നടന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതം സംഘപരിവാര്‍ സ്വപ്നമാണ്. തുടര്‍ഭരണം സിപിഎമ്മിന്റെ ആഗ്രഹമായിരുന്നു. രണ്ടും കൂടി മീറ്റ് ചെയ്ത പോയിന്റാണ്. ഗുജറാത്തിന്റെ മുകളില്‍ കൂടി വിമാനത്തില്‍ പോകുന്നവര്‍ സംഘിയാകും. പക്ഷേ അമിത് ഷായെ വിളിക്കാം. ഈ ഇരട്ടത്താപ്പാണ്, അവസരവാദിത്വത്തിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്- വിഡി സതീശന്‍ വ്യക്തമാക്കി.

Exit mobile version