കേരളത്തില്‍ ഒരേയൊരു ലീഡര്‍ മാത്രമാണുള്ളതെന്നും അത് കെ. കരുണാകരനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരത്തെത്തിയ സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. പ്രവര്‍ത്തകര്‍ ആവേശത്തിലായതിനാലാണ് തന്റെ ഫ്ശക്‌സ് ബോര്‍ഡ് വെച്ചത്. തന്റെ പേരിലുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ടച്ചങ്കനല്ല, യഥാര്‍ത്ഥ ലീഡര്‍ വി.ഡി. സതീശനാണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്‌ലക്‌സ് ബോര്‍ഡിലില്ല. സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തില്‍ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരനാണ് അദ്ദേഹം പറഞ്ഞു
എല്ലാവരുടെയും പ്രവര്‍ത്തന ഫലമാണ് തൃക്കാക്കരയിലെ വിജയം. ക്യാപ്റ്റന്‍, ലീഡര്‍ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാന്‍ വേണ്ടിയല്ല. അത് തനിക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഏകോപനം മാത്രമാണ് താന്‍ നിര്‍വഹിച്ചത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം. തൃക്കാക്കരയിലെ ആത്മവിശ്വാസം കൈമുതലാക്കി സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. പാര്‍ട്ടിയില്‍ കരുത്തുറ്റ ഒരു രണ്ടാംനിരയും മൂന്നാംനിരയും ഉയര്‍ന്നുവരുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും തോറ്റതിന്റെ മറുപടി അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നല്‍കുന്നതിലും കോണ്‍ഗ്രസില്‍ മുറുമുറുപ്പുയര്‍ന്നിരുന്നു. ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് പ്രധാന വിമര്‍ശനം. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവര്‍ എന്തിനാണ് ഫ്‌ളക്‌സ് വെച്ചതെന്ന ചോദ്യമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. സതീശന്റെ പേരില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്നും അവര്‍ ആരോപിക്കുന്നു.