Pravasimalayaly

അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധിയുണ്ടാക്കി; വീണ്ടും ഒന്നിക്കും, ഈ നാടകത്തില്‍ ഞങ്ങളില്ല: വി ഡി സതീശന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും ഒന്നിക്കും. ഈ നാടകത്തില്‍ പ്രതിപക്ഷം കഥാപാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത ബില്ലും സര്‍വകലാശാല ബില്ലും ഒപ്പിടില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി ഗവര്‍ണറെ സ്വാധീനിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നടത്തിയത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഇരുവരും ഒത്തുചേര്‍ന്നു. ഇപ്പോള്‍ പറയുന്നത് ആര്‍എസ്എസിന്റെ ആളായി സര്‍ക്കാരിന ഉപദ്രവിക്കുന്നു എന്നാണ്. അന്ന് ഈ ആര്‍എസ്എസുകാരനായ ആരിഫ് മുഹമ്മദ് ഖാനുമായി സന്ധിയുണ്ടാക്കുമ്പോള്‍ തടസ്സമുണ്ടായിരുന്നില്ല. 

2019ല്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ വിഷയത്തെ കുറിച്ച് ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത് എന്തിനെന്ന് വ്യക്തമല്ല. അതിന് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചോ, ആക്രമിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിച്ചോയെന്നൊക്കെ മുഖ്യമന്ത്രി മറുപടി പറയട്ടേ.

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ ആര്‍എസ്എസ് മേധാവിയെ കണ്ടത്. പ്രോട്ടോക്കോളിനെ കുറിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ആര്‍എസ്എസ് തലവനെ അദ്ദേഹം ഇരിക്കുന്നിടത്ത് പോയി കണ്ടപ്പോള്‍ എന്ത് പ്രോട്ടോക്കോളാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version