Pravasimalayaly

എന്നെയും സുധാകരനെയും തെറ്റിക്കാന്‍ ഒരു പണിയുമില്ലാതായ നേതാക്കള്‍ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നു: ആരോപണവുമായി സതീശന്‍

കണ്ണൂര്‍: തന്നെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും പരിധി വിട്ടാല്‍ ഇത് കൈകാര്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

‘ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്.എല്ലാ പരിധിയും വിട്ട് പോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എം.പിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടും,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, ഡി.സി.സി ഭാരവാഹി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെ. സുധാകരനും വി.ഡി. സതീശനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കരട് പട്ടികയിന്‍മേല്‍ സുധാകരനുമായി സതീശന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ച്ച ചെയ്ത് പട്ടികയില്‍ മാറ്റം വരുത്താന്‍ ധാരണയിലെത്തിയിരുന്നു.

എം.പിമാരുടെ പരാതിയുണ്ടെന്ന പേരില്‍ ആയിരുന്നു ഹൈക്കമാന്റ് പുനസംഘടന നിര്‍ത്തിവെച്ചത്. ഇതില്‍ രോഷാകുലനായ സുധാകരന്‍ പദവി ഒഴിയും എന്ന് വരെ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. കെ.സി. വേണുഗോപാലും സതീശനും ചേര്‍ന്നു പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി.

Exit mobile version