Pravasimalayaly

ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നിയമസഭയെ നോക്കു കുത്തിയാക്കി; ലോകായുക്തയില്‍ സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. “രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ അനുമതി ലഭിക്കില്ല എന്ന് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഉറപ്പുണ്ട്. അതിനാലാണ് ഇപ്പോള്‍ ഒപ്പ് വയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്,” സതീശന്‍ പറഞ്ഞു.

ഒരു കോടതിയും ഇതുവരെ നിയമ വിരുദ്ധമാണെന്നു പറയാത്തൊരു നിയമമാണ് 22 വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്‌. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അധികാരം കോടതികൾക്കു മാത്രമെ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പ്രതിപക്ഷം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

“ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ മുഖത്തിനെതിരെ തുറിച്ചു നോക്കുന്നതാണ് ഈ ഓര്‍ഡിനന്‍സെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്തിന്റെ തിടുക്കമാണ് ഈ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിയമസഭയെ നോക്കു കുത്തിയാക്കിയിട്ടാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി ഓര്‍ഡിനന്‍സില്‍ ഓപ്പ് വച്ചിരിക്കുന്നത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

“ഇവിടെ സംഭവിച്ചിരിക്കുന്നത് ഒത്തുതീര്‍പ്പാണ്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് വരാന്‍ കാത്തിരിക്കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി നേരിട്ട് വന്ന് സംസാരിച്ചതിന് ശേഷം ഇന്ന് രാവിലെയാണ് ഒപ്പു വച്ചത്. ഇവര് തമ്മില്‍ ഒത്തുതീര്‍പ്പ് നടത്തുന്നതിനായി ഇടയില്‍ നില്‍ക്കാന്‍ സംസ്ഥാനത്ത് ആളുകളുണ്ട്,” സതീശന്‍ ആരോപിച്ചു.

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി എന്ന് തുറന്ന് പറഞ്ഞ ഗവര്‍ണര്‍ സ്വയം തെറ്റുതിരുത്താന്‍ ശ്രമിച്ചില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് കുടപിടിച്ചു നല്‍കുകയാണ് ചെയ്തത്. ഈ ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതിനുള്ള നിയമപരമായുള്ള വഴികള്‍ പ്രതിപക്ഷം തേടുമെന്നും സതീശന്‍ അറിയിച്ചു.

Exit mobile version