Pravasimalayaly

ലോകായുക്ത ഓര്‍ഡിനന്‍സ്: പി. രാജീവിന്റെ വിശദീകരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്;മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടാകുമൊ എന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും ഭയമാണെന്ന് വി. ഡി. സതീശന്‍

കൊച്ചി; ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിയമമന്ത്രി പി. രാജീവിന്റെയും വിശദീകരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“സുപ്രീം കോടതിയുടെ ജഡ്ജിയായിരുന്ന ഒരാള്‍ അല്ലെങ്കില്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ഒരാളാണ് ലോകായുക്ത ആകുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ എടുക്കുന്ന തീരുമാനം ജുഡീഷ്യല്‍ നടപടിപ്രകാരമാണ്. പുതിയ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്കൊ മറ്റ് ഉദ്യോഗസ്ഥന്മാര്‍ക്കൊ ഹിയറിങ് നടത്തി ആ തീരുമാനത്തിന് മുകളില്‍ അപ്പീൽ അധികാരം നേടാം. അത് എങ്ങനെ ശരിയാകും. ജുഡീഷ്യല്‍ സംവിധാനത്തിലൂടെ വരുന്ന ഒരു തീരുമാനത്തിന്റെ അധികാരം ജുഡീഷ്യറിക്കായിരിക്കണം,” സതീശന്‍ വ്യക്തമാക്കി.

“തെറ്റായ വ്യാഖ്യാനമാണ് നടക്കുന്നത്. ഒരു കാരണവശാലും സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ല. അവരവരുടെ കേസില്‍ അവരവര്‍ തന്നെ ജഡ്ജിയായി മാറുന്ന കാര്യമാണിത്. ഒരു മന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് വന്നാല്‍ അത് സ്വീകരിക്കണൊ വേണ്ടയൊ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെങ്കില്‍ അതില്‍ എന്ത് കാര്യമാണുള്ളത്. ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ്. സ്വഭാവിക നീതിയുടെ അടിസ്ഥാന തത്വമാണ് ലംഘിക്കപ്പെടുന്നത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണങ്ങള്‍ക്കും സതീശന്‍ മറുപടി പറഞ്ഞു. “വേണമെങ്കില്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ലോകായുക്തയ്ക്ക് കഴിയുമെന്നാണ് കോടിയേരി പറഞ്ഞത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഏത് സര്‍ക്കാരിനെയാണ് ലോകായുക്ത താഴെ ഇറക്കിയത്. ഒരു തരത്തിലും ലോകായുക്ത അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ കേസുകളില്‍ ലോകായുക്തയുടെ ശക്തമായ വിധിയുണ്ടാകുമൊ എന്ന് സര്‍ക്കാരും സിപിഎമ്മും ഭയപ്പെടുന്നു. അതില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് പുതിയ നീക്കം,” സതീശന്‍ ആരോപിച്ചു.

Exit mobile version