ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിഷിത് കെ.ആര്‍നെ പുറത്താക്കി ഉത്തരവിറക്കി. അവിഷിത്തിനെ പുറത്താക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് അല്‍പസമയം മുന്‍പ് ഉത്തരവിറക്കി. പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നാണ് കത്ത് നല്‍കിയത്.
എന്നാല്‍ അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫിലില്ലെന്നായിരുന്നു മന്ത്രി ഇന്ന് പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം ആദ്യമാണ് ഒഴിവായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. വയനാട് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത് കെ ആര്‍. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ സിപിഐഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
കല്‍പ്പറ്റ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്‌ഐ പ്രവര്‍ത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.