Pravasimalayaly

കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അധോഗതി: പിണറായി കരുത്തനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശൻ

കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും അധോഗതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ഡി.ജെ.എസ് ഒന്നുമല്ലെന്നും കേരളം ഭരിക്കാൻ കൊള്ളാവുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം.

ശബരിമല സമരം ആർക്ക് വേണ്ടിയായിരുന്നു. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽകുരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടി. ശബരിമല സമരത്തോട് ആദ്യമേ എസ്.എൻ.ഡി.പിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത്.

കേരളത്തിൽ ബി.ജെ.പിയുടെ അടിസ്ഥാനം സവർണന്റേതാണ്. ബി.ജെ.പി പിന്നാക്കക്കാരെ മത്സരത്തിനിറക്കിയ ഒരിടത്തും സവർണർ വോട്ട് ചെയ്തില്ല. രാഷ്ട്രീയ ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ സമരങ്ങൾ എങ്ങുമെത്തിയില്ല. ചില താൽപര്യങ്ങൾക്ക് വേണ്ടി വിവാദങ്ങളുണ്ടാക്കിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. പാവപ്പെട്ട ജനങ്ങളുടെ മനസ്സ് പെൻഷനും കിറ്റും നൽകിയ പിണറായി സർക്കാറിനൊപ്പമായിരുന്നു. ഇനിയും കേരളത്തിൽ തുടർഭരണം വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കേരളത്തിൽ വർഗീയ ധ്രുവീകരണം ശക്തമായിട്ടുണ്ട്. എൻ.എസ്.എസുമായുള്ള ഐക്യം ചത്തകുട്ടിയാണ്. സുകുമാരൻ നായർക്ക് തമ്പ്രാൻ മനോഭാവമാണ്. അതുമായി യോജിക്കാനാകില്ല. എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version