ചേര്‍ത്തല:
ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സർക്കാർപുതിയകമ്മീഷനെ നിയോഗിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം പാലക്കാട് , കോഴിക്കോട് ജില്ലാ നേതൃ സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെമാതൃകയിൽ കമ്മീഷനെനിയോഗിച്ചാൽഈഴവസമുദായത്തിന്റെവിദ്യാഭ്യാസ ,സാമ്പത്തികഅവശതകൾ വ്യക്തമാകും.
കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ അവഗണനയും പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ചയും മൂലം സമുദായം പ്രതിസന്ധിയിലാണ്. ഉന്നത വിദ്യാഭ്യാസത്തിനു അവസരങ്ങളില്ലാതെയും തൊഴില്‍ ലഭിക്കാതെയും യുവാക്കൾ വലയുന്നു. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക ശേഷിയും സമുദായാംഗങ്ങള്‍ക്ക് ഇല്ലെന്ന് പഠനം നടത്തിയാല്‍ ബോദ്ധ്യമാകും. കൊവിഡ് പ്രതിസന്ധി പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
ഈഴവ സമുദായത്തിന് സര്‍ക്കാര്‍, പൊതുമേഖലാ ഉദ്യോഗ തലങ്ങളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് ന്യൂനപക്ഷങ്ങള്‍ക്കാണ്. എന്നാല്‍ ആ മേഖലയില്‍ അവർ നേരിടുന്ന പിന്നാക്കാവസ്ഥ പരിശോധിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ വിഭാഗത്തില്‍പ്പെട്ട പ്രഗത്ഭരാണ് കമ്മീഷന്‍ അംഗങ്ങള്‍.ഉദ്യോഗങ്ങളിൽ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിനിധ്യം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ പഠിക്കുന്നു. മാർച്ച് മാസത്തിനുള്ളിൽ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.റിപ്പോർട്ട്അവർക്ക് അങ്ങേയറ്റം അനുകൂലമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
പിന്നാക്ക സമുദായങ്ങള്‍ എല്ലാ രംഗങ്ങളിലും പിന്നിലാണെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ഇടയ്ക്ക് പിന്നാക്ക ക്ഷേമവകുപ്പ് രൂപീകരിച്ചെങ്കിലും അതും ഇല്ലാതായി. നമ്മള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ബധിര കര്‍ണ്ണങ്ങളിലാണ് ചെന്നു പതിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടാനുകോടി രൂപ വാരിക്കൊടുക്കുന്നു. എന്നാല്‍ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്‌കോളര്‍ഷിപ്പ് പോലും ലഭിക്കുന്നില്ല.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഈ വിവേചനങ്ങള്‍ക്ക് പിന്നില്‍ .ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി വന്നപ്പോള്‍ വോട്ടുബാങ്കായ വിഭാഗങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയനേതൃത്വംഓടാൻ തുടങ്ങി. അതിന് ന്യൂനപക്ഷങ്ങളെ പഴിക്കേണ്ട കാര്യമില്ല. അഭിപ്രായ ഭിന്നതകള്‍ എന്തൊക്കെ ഉണ്ടായാലും അടിസ്ഥാന പരമായ ആവശ്യങ്ങളില്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഴിയുന്നു. അതാണ് അവരുടെ വിജയത്തിനു പിന്നില്‍. ഒരേ മനസ്സോടെ ഒന്നിച്ചു നിന്ന് മുന്നോട്ടു പോയാല്‍ മാത്രമേഈഴവ സമുദായത്തിന് പുരോഗതി കൈവരിക്കാനാകൂ.
ഒരു നന്മയും ഒരു കര്‍മ്മവും ചെയ്യാതെ കുറ്റങ്ങള്‍ മാത്രം പറഞ്ഞു നടക്കുന്ന കുലംകുത്തികളെ അകറ്റി നിര്‍ത്തണം. ഒറ്റക്കെട്ടായി അര്‍പ്പണബോധത്തോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസ, വ്യവസായ മേഖലകളിലും സാമ്പത്തിക രംഗത്തും നേട്ടങ്ങള്‍ കൈവരിക്കാന്‍ സമുദായത്തിന് കഴിയുമെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
പാലക്കാട് ജില്ല നേതൃയോഗം ശ്രീ .കെ ആർ ഗോപിനാഥ് (പാലക്കാട് യൂണിയൻ സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലയിൽ നടന്ന യോഗം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി ശ്രീ.അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.