കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും.
പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.