Sunday, January 19, 2025
HomeNewsKeralaവിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക.

നടിയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റും ചിത്രങ്ങളും പൊലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അവസരം തേടിയാണ് നടി താനുമായി അടുത്തത്. പുതിയ ചിത്രത്തില്‍ അവസരം ഇല്ലാതായപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്‌നം തീര്‍ക്കാനാണ് പൊലീസ് നീക്കം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളില്‍ പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments