നടിയെ പീഡിപ്പിച്ച കേസില്‍ ചോദ്യംചെയ്യല്‍ അവസാനിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ചോദ്യംചെയ്യലില്‍ പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും കൃത്രിമമല്ലാത്ത തെളിവുകള്‍ അന്വേഷണസംഘത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
70 ദിവസത്തോളം ജീവനോടെ നിലനിര്‍ത്തിയതിന് ദൈവത്തിന് നന്ദി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നല്ല വാക്കുകളാണ് ഈ കാലയളവില്‍ ശ്വാസം നല്‍കി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടെങ്കിലും ഒന്നും പ്രതികരിക്കാതിരുന്നത് കേസുമായി ബന്ധപ്പെട്ട് പുറത്ത് സംസാരിക്കാന്‍ തടസമുണ്ടായിരുന്നതിനാലാണ്. കേസ് തീരുംവരെ തന്റെ സിനിമകള്‍ സംസാരിക്കുമെന്നും താന്‍ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു വ്യക്തമാക്കി. തകര്‍ന്നുപോയ പുരുഷനെക്കാള്‍ ശക്തനായ ഒരാളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടതു പ്രകാരം നടന്ന ഏഴു ദിവസത്തെ പരിമിതമായ കസ്റ്റോഡിയല്‍ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്പൂര്‍ണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം നല്‍കിയിട്ടുണ്ട്.
മനസില്‍ പൊങ്ങിവന്നിരുന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും എന്നെ ഈ നിമിഷംവരെ കഴിഞ്ഞ 70 ദിവസം എന്നെ ജീവനോടെ കാത്തതിന് ദൈവത്തിന് നന്ദിപറയുകയാണ്. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത്, നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാര്‍ദ്രമായ വാക്കുകളുമാണ് എനിക്ക് ശ്വാസം നല്‍കിയത്. ഒടുക്കം, സത്യം നിലനില്‍ക്കും.